കേരളം നമ്പര്‍ 1 ആണോ?

കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം രാജ്യത്തെ ഏറ്റവും മികച്ചതാണെന്നും സ്വകാര്യ മേഖലയോട് നേര്‍ക്കുനേര്‍ മത്സരിക്കാവുന്നത്രയും വികസിതമായ ആരോഗ്യ സംവിധാനമാണ് നമ്മുടേതെന്നുമുള്ള അവകാശവാദത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. ഒപ്പം തന്നെ ജീവിത നിലവാരത്തിലും സാമൂഹികാവബോധത്തിലും ചെറു സംസ്ഥാനമായ കേരളം ലോകനിലവാരം കൈവരിച്ചതെങ്ങനെ എന്ന ചര്‍ച്ചയും പുതിയതല്ല. കേരളത്തിന്‍റെ ഈ നേട്ടങ്ങളുടെ വിമര്‍ശകരും കുറവല്ല. എന്താണ് ഈ അവകാശവാദത്തിന്‍റേയും വിമര്‍ശത്തിന്‍റേയും അടിസ്ഥാനം ? ആരോഗ്യമേഖലയിലും കേരള വികസന മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിഷയവിദഗ്ദ്ധര്‍ ഒ ബി സി യുടെ സംവാദ പരമ്പരകളില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയാണ് ഇവിടെ.

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അദ്ധ്യാപകനായ ഡോ. ടി എസ് അനീഷ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രഫസറും കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് അധ്യക്ഷയുമായ ഡോ. എ കെ ജയശ്രീ, സ്വതന്ത്ര ഗവേഷകനായ ഗോപകുമാര്‍ മുകുന്ദന്‍ എന്നിവരാണ് കേരളത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത്.

ആരോഗ്യമുന്നേറ്റത്തിന് ഒരു ചരിത്രമുണ്ട്

അമ്പതു വർഷം മുമ്പത്തെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾ പോലെത്തന്നെ മലമ്പനി, കോളറ, ക്ഷയം തുടങ്ങി അസംഖ്യം പകർച്ചവ്യാധികളുടെ പിടിയിലായിരുന്ന ഇടമായിരുന്നു കേരളവും, ഒപ്പം പോഷണക്കുറവും ജനസംഖ്യയിലെ നല്ലൊരു വിഭാഗത്തിനിടയില്‍ വ്യാപകമായിരുന്നു. എന്നാൽ ഇന്ന് നിതി ആയോഗിന്‍റെ കണക്കു തന്നെ പരിശോധിച്ചാല്‍, ദേശീയ ശരാശരിക്കും മുകളിലാണ് ആരോഗ്യമേഖലയിൽ കേരളത്തിൻ്റെ നില. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ, മിക്ക സംസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം സ്വപ്നതുല്ല്യമെന്നു പറയാവുന്ന ഈ നേട്ടം കൈവരിക്കാന്‍ കേരളത്തിന്‌ സാധിച്ചതില്‍ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിനും അതില്‍ വേരൂന്നി വളര്‍ന്ന സാമൂഹിക മുന്നേറ്റങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വലിയ പങ്കുണ്ടെന്നാണ് ഡോ. ടി എസ് അനീഷിന്‍റെ അഭിപ്രായം.

ചരിത്രപരമായിത്തന്നെ കേരളത്തിലെ ശിശുമരണനിരക്ക് കുറയുന്നതിനുള്ള മുഖ്യകാരണം ആരോഗ്യരംഗത്തെ വലിയ കണ്ടുപിടുത്തങ്ങളാണെന്ന് പറയാനാവില്ല, മറിച്ച് സാമൂഹ്യ മുന്നേറ്റത്തിന്‍റെ ഭാഗമായി കേരളീയര്‍ സ്വാംശീകരിച്ച ഉയര്‍ന്ന ജീവിത നിലവാരവും അവബോധവുമാണ് അതിലേക്ക് വഴിവച്ചത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനമെത്തിയതോടെ ആ സ്ഥിതിയില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. ഉയര്‍ന്ന ജീവിതനിലവാരവും സാമൂഹ്യബോധവും കൊണ്ട് മാത്രം ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനാവാത്ത അവസ്ഥ വന്നു. ജനങ്ങളില്‍ വലിയ തോതില്‍ ജീവിതശൈലീരോഗങ്ങൾ വന്നു തുടങ്ങിയതായിരുന്നു കാരണം. ആ പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയും വർദ്ധിക്കുമെന്ന് തന്നെ കരുതണമെന്നും ഡോ. അനീഷ് ഓര്‍മ്മിപ്പിക്കുന്നു.

2006 ലേയും 2016 ലേയും 2021 ലേയും ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ആരോഗ്യമേഖലയിലെ പുരോഗതിയില്‍നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അഭിപ്രായമാണ് ഡോ. അനീഷിനുള്ളത്.

ആരോഗ്യ മേഖലയിൽ യൂണിയന്‍ സര്‍ക്കാരിന്‍റെ മുതൽമുടക്ക് വളരെ കുറവാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ് 2005 ല്‍ ഒന്നാം യുപിഎ സർക്കാര്‍ ദേശീയ ആരോഗ്യ ദൌത്യം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഹെല്‍ത്ത് മിഷനായി അനുവദിക്കപ്പെട്ട ഫണ്ട് ഏറ്റവും ഫലപ്രദമായി ചിലവഴിച്ചത് 2006 ൽ കേരളത്തില്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സർക്കാരാണ്. ആശാ പദ്ധതി നിലവിൽ വന്നതും എച്ച്എംസി ഫണ്ട് (ഹോസ്പിറ്റൽ മെയിന്‍റനൻസ് ഗ്രാൻഡ്) ഉപയോഗിച്ചു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടാന്‍ തുടങ്ങിയതുമെല്ലാം അതിന്‍റെ ഭാഗമായാണ്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ഉച്ചയ്ക്കുശേഷം സ്വകാര്യ പരിശോധനയും ചികിത്സയും നടത്താമായിരുന്ന കാലമാണത്. ഈ സ്വകാര്യ പ്രാക്ടീസ് നിർത്തലാക്കി മെഡിക്കൽ കോളെജ് അദ്ധ്യാപകരായ ഡോക്ടർമാരുടെ ശമ്പളം യുജിസി സ്കെയിലിന് തുല്യമാക്കിയതോടെ അവരുടെ പ്രാഥമിക ചുമതല പഠിപ്പിക്കലും സർക്കാർ ആശുപത്രിയിലെ രോഗികളെ ചികിത്സിക്കലുമായി മാറി. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിലെ ഗവേഷണ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടു എന്നും പില്‍ക്കാല റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്.

ഇതിനു ശേഷം ആരോഗ്യമേഖലയില്‍ കാര്യമായ മുന്നേറ്റമുണ്ടാകുന്നത് 2016 കാലഘട്ടത്തിലാണ്. സുസ്ഥിരവികസന ലക്ഷ്യങ്ങളെ മുൻനിർത്തി കേരളത്തിന്‍റെ ആരോഗ്യ സൂചികകള്‍ പുനർനിർവചിച്ചതാണ് ഇക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച പ്രധാന നേട്ടം.ഈ സമയത്താണ് ആർദ്രം എന്ന പേരിൽ ആരോഗ്യമേഖലക്ക് മാത്രമായി ഒരു സുപ്രധാന പദ്ധതി ആവിഷ്കരിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയും, ഉച്ചവരെ പ്രവർത്തിച്ചിരുന്ന ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനസമയം വൈകീട്ട് ആറുമണിവരെ നീട്ടുകയും, സ്പെഷ്യാലിറ്റി സേവനങ്ങൾ കൊണ്ടുവരികയും ചെയ്തു. എൻ എച്ച് എമ്മില്‍ നിന്നും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകം ഡോക്ടര്‍മാരെ ഉൾപ്പെടുത്തി ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ അംഗസംഖ്യ ചുരുങ്ങിയത് മൂന്ന് എന്ന നിലയിലേക്ക ഉയര്‍ത്തി. മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനും ഉറപ്പുവരുത്താനും ലബോറട്ടറി തുടങ്ങിയ പാരാമെഡിക്കല്‍ സൌകര്യങ്ങള്‍ സാര്‍വത്രികമാക്കാനും ഇക്കാലത്ത് സര്‍ക്കാരിന് കഴിഞ്ഞു. 2021 മുതൽ എല്ലാ ആശുപത്രിയിലും സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനം വന്നതോടെ ജീവിതശൈലി രോഗങ്ങള്‍ക്കടക്കം സർക്കാർ മേഖലയിൽ തന്നെ ചികിത്സ തേടാനുള്ള സൗകര്യം സാധാരണക്കാർക്ക് ലഭ്യമായിത്തുടങ്ങി.

രണ്ട് വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കമ്മ്യൂണിറ്റി മെഡിസിന്‍ വിദഗ്ദ്ധനായ ഡോ. ടി എസ് അനീഷ്‌ കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ മാറ്റത്തെ വിശകലനം ചെയ്യുന്നത്. കഴിഞ്ഞ 50 വര്‍ഷത്തില്‍ രോഗാതുരതയില്‍ വന്നിട്ടുള്ള വര്‍ധനവാണ് ഒന്നാമത്തേത്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറുകളിലേക്ക് കടക്കുമ്പോള്‍ തന്നെ കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ വളരെ വ്യാപകമായി പിടിമുറുക്കി തുടങ്ങിയിരുന്നുവെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകനായ ഡോ. സി ആർ സോമനെ പോലുള്ളവര്‍ നേരത്തെ തന്നെ നടത്തിയിട്ടുള്ള പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട് . ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായാണ് ഇന്ന് കേരളം അറിയപ്പെടുന്നത്. 2025ല്‍ എത്തിനില്‍ക്കുമ്പോള്‍ കേരളജനസംഖ്യയുടെ നല്ലൊരു പങ്കും കേവല പ്രമേഹമോ രക്താദിസമ്മർദ്ദമോ അവയ്ക്കൊപ്പം ഹൃദ്രോഗമോ വൃക്കരോഗങ്ങളോ മൂത്രാശയ രോഗങ്ങളോ അടങ്ങുന്ന സങ്കീര്‍ണ്ണ രോഗാവസ്ഥ നേരിടുന്നവരാണ്. ക്യാൻസർ രോഗികളുടെ എണ്ണത്തിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തേക്ക് വരുന്നതായി കാണാം.

രണ്ടാമത്തെ ഘടകം കേരളത്തിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്നിട്ടുള്ള വ്യത്യാസമാണ്. കേരള സംസ്ഥാനം രൂപീകൃതമാകുമ്പോൾ ദേശീയ ശരാശരിയേക്കാൾ താഴെയായിരുന്നു കേരളത്തിലെ പ്രതിശീർഷ വരുമാനം എന്ന് കാണാവുന്നതാണ് . പിന്നീട് പ്രതിശീർഷ വരുമാനം കൂടിയെന്ന് മാത്രമല്ല, ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ജിഡിപി വളർച്ചയുള്ള സംസ്ഥാനമായി കേരളം മാറി.

കേരളത്തിലെ പ്രതിശീര്‍ഷ മൂലധനവും അതിന്‍റെ വിനിമയശേഷിയും വര്‍ധിച്ചതിന്‍റെ അടിത്തറ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസനയവും ആണ് എന്ന് ഡോ. അനീഷ് ഓർമ്മിപ്പിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികളുടെ പ്രധാനപ്പെട്ട ഗുണഭോക്താക്കളോ ഓഹരി ഉടമസ്ഥരോ ബഹുരാഷ്ട്ര ഭീമന്മാരാണ്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റം മൂലം താരതമ്യേന വളരെ കൂടുതൽ പൈസ കൈവശം ഉള്ള, രോഗം വന്നാൽ ആശുപത്രിയിൽ എത്തുന്ന, എത്തിക്കഴിഞ്ഞാൽ തുടർ ചികിത്സയ്ക്ക് ആവശ്യമായുള്ള പൈസ ചിലവഴിക്കാൻ സാധ്യതയുള്ള ഒരു സമൂഹം – എന്ന സാധ്യത മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ മൂലധന നിക്ഷേപം നടക്കുന്നത്. തൊണ്ണൂറുകളിൽ അല്ലെങ്കിൽ രണ്ടായിരത്തോടടുക്കുന്ന സമയത്താണ് കോർപ്പറേറ്റ് ആശുപത്രികൾ കേരളത്തിൽ കൂണുപോലെ മുളച്ചുപൊങ്ങുന്നത്.

വർദ്ധിച്ചുവരുന്ന രോഗാതുരതയെ സാമ്പത്തിക നേട്ടമാക്കി ആക്കി മാറ്റുക എന്ന ഉദ്ദേശത്തില്‍ ദീര്‍ഘകാല നിക്ഷേപ സാധ്യതയെ ഉപയോഗിക്കുകയായിരുന്നു കോര്‍പ്പറേറ്റുകളുടെ ലക്ഷ്യം. കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗത്ത് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്ന നയപരിപാടികളുടെ ഫലമായി സ്വകാര്യ ആശുപത്രികളുമായി മത്സരിക്കാൻ കഴിയുന്ന സർക്കാർ ആശുപത്രികൾ നമ്മുടെ നാട്ടിൽ ഉണ്ടായി വരുന്നത് ഇതിന് വിലങ്ങ് തടിയായി. സ്വകാര്യ ആശുപത്രികളോട് മത്സരിക്കാൻ കഴിയുന്ന സർക്കാർ ആശുപത്രികൾ എന്നാല്‍, കേരളത്തിന്‍റെ മധ്യവർത്തി സമൂഹത്തിന്, സാമ്പത്തികമായി അവരുടെ നട്ടെല്ലൊടിക്തെ തന്നെ ചികിത്സയും ആരോഗ്യസംരക്ഷണവും നല്‍കാന്‍ കഴിയുന്ന ശക്തമായ സംവിധാനം എന്നു തന്നെയാണ് അര്‍ത്ഥം.

ദേശീയ ആരോഗ്യ സൂചിക പ്രകാരം കേരളത്തിന്‍റെ ആളോഹരി ചികിത്സാച്ചെലവ് ഏതാണ്ട് 10000 രൂപയ്ക്ക് മുകളിലാണ്, ദേശീയ ശരാശരിയിലും വളരെ കൂടുതലാണിത്. സർക്കാർ മേഖലയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വരുന്നവര്‍ ഏതാണ്ട് പതിനായിരത്തോളം രൂപയും സ്വകാര്യ മേഖലയെ ആശ്രയിക്കുന്നവര്‍ ശരാശരി 25000 രൂപയിൽ കൂടുതലും ആണ് ചിലവാക്കുന്നത്. കേരളത്തിന്‍റെ ആളോഹരി ചികിത്സ ചെലവ് കുറയ്ക്കാനുള്ള മാർഗം നിലവില്‍ സ്വകാര്യ ആശുപത്രിയിൽ പോകുന്നവർ കൂടി സർക്കാർ ആശുപത്രിയെ ആശ്രയിക്കുകയാണ്.

വിലയ്ക്കുവാങ്ങണോ ആരോഗ്യം ?

അവകാശം എന്നതില്‍ നിന്നും വിലകൊടുത്തു വാങ്ങാവുന്ന ചരക്ക് എന്ന നിലയിലേക്കുള്ള ആരോഗ്യത്തിന്‍റെ പരിണാമമാണ് കണ്ണൂർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ എ കെ ജയശ്രീ ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായിചൂണ്ടിക്കാണിക്കുന്നത് ആശുപത്രികളുടെ സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി ചികിത്സാച്ചെലവ് കൂടിയതോടെയാണ് പ്രതിശീര്‍ഷ ആരോഗ്യ ചെലവ് വലിയതോതില്‍ വർധിച്ചതെന്ന് ഡോ. ജയശ്രീ വിലയിരുത്തുന്നു. ഇതിനെ മറികടക്കാന്‍ വലിയ സാമ്പത്തിക ഞെരുക്കത്തിനിടയിലും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതാണ് കേരളത്തിന്‍റെ സവിശേഷത. ആർദ്രം മിഷന്‍റെ ഭാഗമായി സര്‍ക്കാര്‍ തന്നെ മരുന്നുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതടക്കമുള്ള സേവനങ്ങൾ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്. അധികാര വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി തദ്ദേശബറണ സ്ഥാപനങ്ങള്‍ക്കും ഇതില്‍ ഒരു വലിയ പങ്കുവഹിക്കാൻ പറ്റുന്നു എന്നത് ചെറിയ കാര്യമല്ല . കോവിഡ് സമയത്ത് പോലും മാതൃകയാകും വിധം കേരളത്തിന് പ്രവർത്തിക്കാന്‍ സാധിച്ചത് ഈ വികേന്ദ്രീകൃത സമീപനം കൊണ്ടാണ് എന്നതിൽ സംശയമില്ല. അതുപോലെ ലോകത്തിനുതന്നെ മാതൃകയായ സാന്ത്വന പരിചരണ സംവിധാനവും പ്രശംസനീയമാണ്.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ പൊതു ആരോഗ്യ മേഖലയിൽ ത്രിതല സംവിധാനമാണ് നമ്മൾ വിഭാവനം ചെയ്തിട്ടുള്ളത്. താഴെ തട്ടില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അവക്കു മുകളില്‍ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും ഏറ്റവും മുകളിലായി മെഡിക്കൽ കോളേജുകളും എന്ന നിലയിലാണ് ഈ സജ്ജീകരണം. ഈ ത്രിതല സംവിധാനത്തെ ആശ്രയിക്കുകയാണെങ്കിൽ അസുഖങ്ങൾക്ക് നേരിട്ട് മെഡിക്കൽ കോളേജിൽ പോകേണ്ട ആവശ്യം നമുക്കില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തന്നെ ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സയും നിർദ്ദേശങ്ങളും ലഭ്യമാകും.

അതേ സമയം കുടുംബഡോക്ടർ എന്നു സങ്കൽപമോ സംവിധാനമോ നിലവിലില്ല എന്നത് ചെറിയ രോഗങ്ങള്‍ക്കുപോലും സൂപ്പർ സ്പെഷ്യലിസ്റ്റുകളെ കാണേണ്ടുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മളെ കൊണ്ടെത്തിച്ചിട്ടുണ്ട് . ഒരു അസുഖത്തിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കാണുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം മാത്രം മറ്റ് ഡോക്ടർമാരെ കാണുകയും ചെയ്യുന്ന ഒരു സമ്പ്രദായമോ വികേന്ദ്രീകൃത സംവിധാനമോ ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. അതുപോലെ തന്നെ എല്ലാ ആശുപത്രികൾക്കും വികസന സമിതികൾ ഉണ്ട്, ഈ വികസന സമിതികളിൽ ജനപ്രതിനിധികളും ഉണ്ട്, ആ ജനപ്രതിനിധികൾക്ക്, വേണ്ട പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടാൻ കഴിയുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണെന്നും ഡോ. ജയശ്രീ അഭിപ്രായപ്പെടുന്നു.

ഡോ ജയശ്രീ ഉന്നയിക്കുന്ന മറ്റൊരു പ്രധാനപെട്ട വിഷയം ലിംഗ നീതിയുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന വെല്ലുവിളികളാണ്. ആശമാര്‍, നഴ്സുമാർ തുടങ്ങിയ തൊഴില്‍വിഭാഗങ്ങളുടെ അവശ്യസേവനങ്ങള്‍ തുച്ഛവേതനത്തിൽ ലഭ്യമാക്കുന്ന ഒരര്‍ത്ഥത്തില്‍ അവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തുപോരുന്ന ഈ വ്യവസ്ഥയുമായി ഇനിയും മുന്നോട്ടുപോകാനാവില്ല. അവകാശ അവബോധമുള്ള തൊഴിലാളികളാണ് ഉണ്ടായിവരുന്നത്. അതുകൊണ്ടുതന്നെ വരുംകാലങ്ങളിൽ കേരളത്തിന്‍റെ ആരോഗ്യ മേഖലയിൽ സേവനങ്ങളുടെ ചെലവിൽ വരാനിരിടയുള്ള മാറ്റം വലിയ പ്രതിസന്ധിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

സ്വകാര്യ ആശുപത്രികളിലെ സേവനങ്ങളോ ചികിത്സാക്രമമോ നിയന്ത്രിക്കുന്നതിനായുള്ള കാര്യമായ നിയമ സംവിധാങ്ങള്‍ ഇല്ല എന്നത് മറ്റൊരു പോരായ്മയാണ്.ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ട് പരിഷ്കരിച്ചോ അല്ലാതെയോ ഒരു നിയന്ത്രണചട്ടം കൊണ്ടുവരേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യവുമാണ്. ഉദാഹരണത്തിന് ഗർഭച്ഛിദ്രനും, വന്ധ്യതാചികിത്സക്കുമെല്ലാം ഇപ്പോഴുള്ള ഭീമമായ ചെലവില്‍ കുറവുണ്ടാകണമെങ്കില്‍ ഇത്തരം നിയമനിര്‍മ്മാണം അനിവാര്യമായി വരുമെന്നും ഡോ. ജയശ്രീ അഭിപ്രായപ്പെടുന്നു.

എല്ലാം തികഞ്ഞവരാണോ നമ്മള്‍ ?

കേരളത്തിൻ്റെ ആരോഗ്യ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക ആകും വിധം ആഗോളനിലവാരമുള്ളതാണ് എന്ന് പറയുമ്പോള്‍, പിന്നെ എന്തിനാണ് വിദേശ ആരോഗ്യ സംവിധാനങ്ങളെ നമ്മളില്‍ ചിലരെങ്കിലും ആശ്രയിക്കുന്നത് എന്ന ചോദ്യം പൊതുവെ ഉയരാറുണ്ട് – രാഷ്ട്രീയ നേതാക്കള്‍ വിദേശ ചികിത്സ തോടുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. കേരളത്തില്‍ ആരോഗ്യമേഖല കുറ്റമറ്റതാണെന്നും ഇനി നമുക്ക് ഒന്നുതന്നെ നേടാനില്ല എന്നുമാണോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് നമ്മളോരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. നിതി ആയോഗിന്‍റെ കണക്കു പ്രകാരം നമുക്ക് നൂറിൽ 80 മാർക്ക് ഉണ്ട് എന്ന് പറയുമ്പോള്‍ – ഇനിയും 20 മാർക്ക് കൂടി നേടാനുണ്ട് എന്നാണ് അതിനർത്ഥം എന്ന് സ്വതന്ത്ര ഗവേഷകനായ ഗോപകുമാർ മുകുന്ദന്‍ അഭിപ്രായപ്പെടുന്നു.

നമ്മള്‍ കൈവരിക്കുന്ന പുരോഗതി, നിലവിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, അതിന്‍റെ ഉപോത്പന്നങ്ങളായ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകകൂടിയാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഉദാഹരണത്തിന് കേരളത്തിലെ സ്ത്രീകളുടെ ആയുർദൈർഘ്യം എണ്‍പതും പുരുഷന്മാരുടെത് എഴുപതുമാണ് . ഇത്തരത്തിൽ ആയുർദൈർഘ്യം കൂടുന്നത് പ്രത്യക്ഷത്തിൽ നേട്ടമാണെങ്കിലും അത് പുതിയ ആരോഗ്യഭാരങ്ങൾ ഉണ്ടാക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.

കേരളത്തിനെ കേരളമാക്കിയ മാറ്റങ്ങളെ പൊതുവില്‍ മൂന്ന് വിധത്തിലാണ് കണക്കാക്കുന്നത്. ഒന്ന് ജനസംഖ്യയുടെ ചേരുവയിൽ ഉണ്ടാകുന്ന മാറ്റം, രണ്ടാമത്തേത് വിദ്യാഭ്യാസത്തിൽ ഉള്ള മാറ്റം മൂന്ന് ആരോഗ്യത്തിലുള്ള മാറ്റം. ഇപ്പോൾ നമുക്ക് വേണമെങ്കിൽ കേരളത്തിലെ നഗര സ്വഭാവങ്ങളിൽ വരുന്ന മാറ്റം കൂടി ഇതിനോട് ചേര്‍ത്തു പറയാം. ഈ മാറ്റങ്ങളെല്ലാം ആരോഗ്യ മേഖലയിൽ പൊതുവായി എന്തു മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ 17 – 18 ശതമാനം, 60 വയസ്സ് കഴിഞ്ഞവരാണ്. 2036 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ 23 ശതമാനവും, 60 വയസ്സിന് മുകളിലുള്ളവരായിരിക്കും. 80 വയസ്സിനുള്ളിൽ വരുന്നവര്‍ 12% വരും.

സമാനമായി കേരളത്തിലെ 99.8 ശതമാനം പ്രസവങ്ങളും ഇൻസ്റ്റിറ്റ്യൂഷണൽ പ്രസവങ്ങളാണ്. എന്നാല്‍ മരണത്തില്‍ ഇത് 50 ശതമാനം മാത്രമാണ്. ഇന്ന് താലൂക്ക് ആശുപത്രികളില്‍ നിഷ്കർഷിക്കപ്പെട്ട എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള ഏക സംസ്ഥാനം കേരളമാണ് എന്നിരിക്കിലും സമൂഹത്തിന്‍റെ വർദ്ധിച്ചുവരുന്ന രോഗഭാരം നമ്മെ വെല്ലുവിളിക്കുന്നു. സമൂഹത്തിൻ്റെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുന്നുണ്ടോ എന്ന തരത്തിലേക്ക് നമ്മുടെ വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍ മാറേണ്ടതുണ്ട്.

ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ സാന്നിധ്യം 2010 ല്‍ 31% ആയിരുന്നു എങ്കില്‍ ഇപ്പോഴത് 40 – 45% ത്തിലേക്ക് വർദ്ധിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മൊത്തം ആരോഗ്യ ചെലവിനകത്ത് സർക്കാരിന്‍റെ പ്രതിശീർഷ ആരോഗ്യ ചെലവിൽ കേരളമാണ് ഇന്ത്യയിൽ ഒന്നാമത്തെ സംസ്ഥാനം. അതേസമയം വ്യക്തിഗത ആരോഗ്യചെലവ് ഏറ്റവും കൂടുതലും കേരളത്തിലാണ്. അപ്പോൾ സർക്കാർ ഇത്രയും പണം മുടക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ആളുകൾ അവരുടെ കീശയിൽ നിന്ന് കാശ് മുടക്കുന്നത് എന്ന ചോദ്യം ഉയരും. അവിടെയാണ് കേരളത്തിന്‍റെ ആകെ ആരോഗ്യ ചിലവ് കൂടിയിരിക്കുന്നു എന്ന വസ്തുത നമ്മൾ മനസ്സിലാക്കേണ്ടത്. നമ്മൾ വലിയതോതിൽ ആരോഗ്യ ശീലങ്ങൾ കൈവരിച്ച ഒരു സംസ്ഥാനമാണ്. ഒരു കുഞ്ഞു ജനിക്കുകയാണെങ്കിൽ അതിനെ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കാന്‍ അല്ലെങ്കില്‍ ശിശുരോഗ വിഭാഗത്തിലെ തന്നെ സൂപര്‍ സ്പെഷ്യാലിറ്റിയില്‍ കാണിക്കാന്‍ സാംസ്കാരികമായി നമ്മള്‍ ശീലിച്ചുകഴിഞ്ഞു.

കേരളത്തിൽ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയില്‍ ഗ്രാമം നഗരം എന്ന വേർതിരിവ് തീരെ കുറവാണ്. ചില പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ നഗരകേന്ദ്രീകൃതമാണെങ്കിലും സേവന ലഭ്യത എല്ലായിടത്തുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ മൊത്തത്തിലുള്ള ആരോഗ്യചെലവ് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവുമായും താരതമ്യം ചെയ്യാവുന്നതല്ല. അപ്പോള്‍ ഈ പ്രവണത മോശമല്ലേ എന്ന ചോദ്യം തീര്‍ച്ചയായും ഉയരും. എന്നാല്‍ ഇവിടെ ഉയര്‍ന്ന സേവനലഭ്യതയുണ്ട് എന്നതും ഒരു വിഭാഗം ജനങ്ങൾക്കെങ്കിലും അത് പ്രാപ്യമാണ് എന്നതും തന്നെയാണ് ആണ് അതിനുള്ള മറുപടി. എന്നാൽ മത്സ്യത്തൊഴിലാളികൾ, പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ, മലയോരനിവാസികൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങി സ്വകാര്യ മേഖലയിലെ സേവനങ്ങൾ എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു വലിയ പാര്‍ശ്വവത്കൃത വിഭാഗം അപ്പോഴുമുണ്ട് എന്ന വസ്തപുതയും കാണാതിരുന്നുകൂടാ.

ആശുപത്രികളും സാങ്കേതിക സൗകര്യങ്ങളും സങ്കേതങ്ങളും ഉണ്ടായാൽ മാത്രം പോരാ ഉദ്യോഗസ്ഥനവീകരണം കൂടെ ഉണ്ടാകേണ്ടതുണ്ട് എന്ന ഡോ. ജയശ്രീയുടെ അഭിപ്രായത്തെ അദ്ദേഹവും അനുകൂലിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും ബ്രിട്ടീഷ് അധികാര വ്യവസ്ഥയെ പിന്‍പറ്റുന്ന ഉദ്യോഗസ്ഥമേധാവിത്വ സംവിധാനം നിലനിർത്തി കൊണ്ടുപോകുന്നത് ആശുപത്രികളില്‍ മരുന്നുകൾ ഉപകരണങ്ങൾ എന്നിവ സമയത്തിന് ലഭ്യമാകാത്തതിന് കാരണമാകുന്നുണ്ട്. ഉദ്യോഗസ്ഥമേധാവിത്വ മറികടക്കാന്‍ ഭാവിയില്‍ സർക്കാർ ആശുപത്രികളെ ആധുനികവത്കരിക്കാന്‍ എന്ത് ചെയ്യാം എന്ന് അന്വേഷിക്കേണ്ടതുണ്ട്.

കേരളം മുന്നോട്ട് തന്നെയാണ് പോകുന്നത്. എന്നാല്‍ അതേ സമയം പുതിയ പ്രശ്നങ്ങൾ ഉപോത്പന്നങ്ങളായി രൂപം കൊള്ളുന്നത് അനുസരിച്ച് അതിനെ അതിജീവിക്കാൻ നമ്മൾ സ്വയം മാറുന്നുണ്ട് എന്നും മാറുന്ന കേരളത്തിന്‍റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ആരോഗ്യ മേഖലയുടെ നവീകരണത്തിനുള്ള മുന്നേറ്റങ്ങൾ ഇനിയും നടത്തേണ്ടതുണ്ട് എന്നും കൂടുതൽ ആവൃത്തിയിൽ ഓർത്ത് പ്രവർത്തിക്കുക എന്ന് മാത്രം- വികസനം അവസാനമല്ല, ഒരു തുടർച്ച മാത്രമാണ്.